മണിപ്പുർ: ഭയപ്പെടുത്തുന്ന സംഭവവികാസങ്ങൾ  

സംസ്ഥാനം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് സർക്കാരിന്റേയും പൗരസമൂഹത്തിന്റേയും യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്

May 29, 2023 10:36 am | Updated 10:36 am IST

ആളിപ്പടർന്ന കലാപങ്ങളിൽ നിരവധി പേർ മരിക്കുകയും അനേകം ആളുകൾ, പ്രത്യേകിച്ച് ചുരാചന്ദ്പൂരിലും ഇംഫാലിലും, മാറ്റിപ്പാർപ്പിക്കപ്പെടുകയും ചെയ്ത് മൂന്നാഴ്ചക്കുള്ളിൽ മണിപ്പൂരിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. മെയ്തി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 27-ന് മണിപ്പൂർ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരായ പ്രതിഷേധം, ബി.ജെ.പി. എം.എൽ.എമാർ ഉൾപ്പെടെയുള്ള കുക്കി-സോമി സമുദായത്തിന്റെ പ്രതിനിധികൾ “പ്രത്യേക ഭരണം” ആവശ്യപ്പെടുന്ന വിചിത്രമായ വഴിത്തിരിവിലെത്തി. ഈ സാഹചര്യം ഒരിക്കലും ഇത്തരമൊരു അവസ്ഥയിലേക്ക് നീങ്ങാൻ പാടില്ലായിരുന്നു. അന്തർ-സമുദായ ബന്ധങ്ങൾ ഇടയ്ക്കിടെ സംഘട്ടനങ്ങൾക്ക് കാരണമാവുകയും വർഷങ്ങളോളം പ്രക്ഷുബ്ധമായി തുടരുകയും ചെയ്തിട്ടുണ്ടെങ്കിലും, മെയ് മാസത്തിലെ സംഘർഷങ്ങൾ മലയോര-താഴ്‌വര ബന്ധങ്ങളിലെ അപചയത്തേയും, മെയ്തി, കുക്കി-സോമി സമുദായങ്ങളിലെ തീവ്രവാദികളും നിയമലംഘകരും നടത്തുന്ന അക്രമങ്ങൾ തടയുന്നതിൽ സർക്കാരിന്റെ സമ്പൂർണ്ണ പരാജയത്തേയും എടുത്തുകാട്ടുന്നു. ഭാഗികമായി, ബി.ജെ.പി. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന് സാഹചര്യത്തിനൊത്ത് ഉയരാനും പ്രത്യേക സമുദായങ്ങൾക്കെതിരെ പക്ഷപാതരഹിതമായി പ്രവർത്തിക്കാനും കഴിയാത്തതിന്റെ അനന്തരഫലമാണിത്. കഞ്ചാവ് കൃഷിക്കെതിരെ സർക്കാരിന്റെ നടപടികൾ കുക്കി-സോമി മലയോര നിവാസികൾക്കെതിരെയുള്ള നീക്കമായി കാണപ്പെടുകയും അത് അവരുടെ രോഷം ഉയർത്തുകയും ചെയ്തു. അതേസമയം, ഹൈക്കോടതിയിലെ ഒരു ന്യായാധിപന്റെ ചിന്താശൂന്യമായ ഉത്തരവ് – ഇത് 23 വർഷം പഴക്കമുള്ള ഭരണഘടനാ ബെഞ്ച് വിധിയുടെ ലംഘനമാണെന്ന് ഇന്ത്യയുടെ മുഖ്യ ന്യായാധിപൻ ഡി.വൈ. ചന്ദ്രചൂഡ് തന്നെ നിരീക്ഷിച്ചു – സ്ഥിതി കൂടുതൽ വഷളാക്കി. ചുരാചന്ദ്പൂരിലും ഇംഫാലിലും വ്യാപകമായ അക്രമം തടയാൻ സർക്കാരിന് കഴിഞ്ഞില്ല. ഇത് നിലവിലെ ഭരണകൂടത്തിന്റെ കഴിവുകേടാണ് സൂചിപ്പിക്കുന്നത്.

കലാപബാധിത പ്രദേശങ്ങളിൽ അർദ്ധസൈനിക-പോലീസ് സേനകളുടെ റോന്ത് ചുറ്റൽ വർധിപ്പിച്ചും കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് ആശ്വാസം നൽകിയും തീവ്രവാദ വിഭാഗങ്ങളുടെ സ്വാധീനം വെട്ടിക്കുറച്ചും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ സഹായത്തോടെ നടപടിയെടുക്കണം. ഇടക്കാലത്തേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുള്ള ഒരു പദ്ധതിയും സുരക്ഷാ സേനയുടെ സഹായത്തോടെ ക്രമീകരിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നത് ഭിന്നതയ്ക്കും പൊരുത്തക്കേടിനും അകൽച്ചക്കും ഊന്നൽ നൽകുന്ന ഇരുവശത്തുമുള്ള സങ്കുചിത ചിന്താഗതിക്കാർക്ക് ഗുണം ചെയ്യും – ഇതെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് വിനാശകരമായിരിക്കും. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിന് നിസ്സംഗത പാലിക്കാൻ കഴിയില്ല. മറ്റ് ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളെപ്പോലെ മണിപ്പൂരും ആളുകൾക്കിടയിൽ പൗരബോധം പ്രോത്സാഹിപ്പിക്കേണ്ടതാണ്. അത് വംശീയ സ്വത്വങ്ങൾക്ക് മേലെ ഉയരാൻ അവരെ സഹായിക്കും. സാമുദായിക നേതാക്കളും സംസ്ഥാന സർക്കാർ പ്രതിനിധികളും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, മണിപ്പൂരിനകത്തും പുറത്തുമുള്ള പൊതുപ്രവർത്തകർ അന്തർ-സാമുദായിക ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കേണ്ടതാണ്. ജനപ്രതിനിധികളുടെ സ്ഥാനം സങ്കുചിത ചിന്താഗതിക്കാരും, തീവ്രവാദ സംഘങ്ങളും അപഹരിക്കുന്നില്ല എന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനം ഏറ്റെടുക്കാനും അവർ ബാധ്യസ്ഥരാണ്.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.