വേഗതയേറിയതും ശക്തമായതും

ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടറുകളുടെ ഉപയോഗം കാലാവസ്ഥാ പ്രവചനങ്ങൾക്കപ്പുറത്തേക്ക് നീങ്ങണം

May 30, 2023 11:23 am | Updated 11:23 am IST

ഈ വർഷാവസാനം, ഇന്ത്യയ്ക്ക് ഒരു പുതിയ ‘സൂപ്പർ കമ്പ്യൂട്ടർ’ അല്ലെങ്കിൽ, കൂടുതൽ കൃത്യമായി പറഞ്ഞാൽ, നവീകരിച്ച ‘ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് (എച്ച്.പി.സി.) സിസ്റ്റം’ ലഭിക്കും. ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഏറ്റവും വേഗതയേറിയതായിരിക്കും അത്. വിവര സാങ്കേതികവിദ്യ സേവനവും വിദഗ്ദോപദേശവും നൽകുന്ന ഫ്രഞ്ച് കമ്പനിയായ അറ്റോസ് ആണ് ഈ സംവിധാനം നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നത്. 2025-ഓടെ 4,500 കോടി രൂപ വിലമതിക്കുന്ന ഉയർന്ന പ്രവർത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകൾ വാങ്ങാൻ ഫ്രാൻസുമായി 2018 ഡിസംബറിൽ നരേന്ദ്ര മോദി സർക്കാർ കരാർ ഒപ്പുവച്ചു. പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലും, നോയിഡയിലെ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗിലും ഈ എച്ച്.പി.സി. സംവിധാനങ്ങൾ പ്രവർത്തിക്കും. നിലവിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇത്തരം രണ്ട് യന്ത്രങ്ങളായ മിഹിറും പ്രത്യുഷും ഈ കേന്ദ്രങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. അവരുടെ മുൻഗാമികളെപ്പോലെ, അറ്റോസ് യന്ത്രങ്ങൾ പ്രാഥമികമായി അത്യാധുനിക കാലാവസ്ഥാ പ്രവചന മാതൃകകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കും. കുറച്ച് വർഷങ്ങളായി, ദീർഘകാല കാലവർഷ റിപ്പോർട്ടുകൾ മുതൽ രണ്ടാഴ്ചയിലൊരിക്കലും, ദിവസേനയുള്ളതുമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രവചന ശ്രേണി വരെ തയ്യാറാക്കാൻ ഇവ ഉപയോഗിക്കുന്നുണ്ട്. അന്തരീക്ഷത്തിന്റേയും സമുദ്രങ്ങളുടേയും അവസ്ഥ അനുകരിച്ചാണ് കൃത്യമായ പ്രവചനങ്ങൾ നടത്തുന്നത് എന്നതുകൊണ്ട് ഇതിന് അത്യധികം ശക്തമായ യന്ത്രങ്ങൾ ആവശ്യമാണ്. ‘സൂപ്പർ കംപ്യൂട്ടറുകൾ’ എന്നത് വളരെയധികം പ്രചാരത്തിലുള്ളതും സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പ്രയോഗമാണ്. രണ്ട് പതിറ്റാണ്ട് മുമ്പുള്ള സൂപ്പർ കമ്പ്യൂട്ടറുകൾ ഇന്നത്തെ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പുകളും ഗെയിമിംഗ് കൺസോളുകളുമാണ്.

കാലാവസ്ഥാ പ്രവചന മാതൃകകൾ കൂടാതെ, വെല്ലുവിളി നിറഞ്ഞ നിരവധി ഗവേഷണ വിഷയങ്ങളും കമ്പ്യൂട്ടിംഗിനെ വളരെയധികം ആശ്രയിക്കുന്നു – പ്രോട്ടീൻ ബയോളജി, എയ്‌റോസ്‌പേസ്-മോഡലിംഗ് ആപ്ലിക്കേഷനുകൾ, എ.ഐയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ എന്നിവ ഇതിലുൾപ്പെടുന്നു. എച്ച്.പി.സി-കൾ സ്വന്തമാക്കിയ രാജ്യങ്ങൾ അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്ന ചിഹ്നമായും ഇതിനെ ഉപയോഗിക്കുന്നു. ടോപ്500 പ്രോജക്റ്റ് രണ്ട് പതിറ്റാണ്ടിലേറെയായി ഏറ്റവും ശക്തമായ 500 എച്ച്.പി.സി. യന്ത്രങ്ങളുടെ ഒരു പട്ടിക സൂക്ഷിക്കുന്നുണ്ട്. ഇത് വർഷത്തിൽ രണ്ടുതവണ പുതുക്കുന്നു. രാജ്യങ്ങൾ ഈ പട്ടികയിൽ ഇടം നേടിയാൽ അവരുടെ കമ്പ്യൂട്ടറുകളുടെ സാന്നിധ്യം പ്രമുഖമായി പരസ്യപെടുത്തുന്നു. നിലവിൽ, ആദ്യ 100 യന്ത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു ഇന്ത്യൻ യന്ത്രം പൂനെയിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ (സി.ഡി.എ.സി) സ്ഥാപിച്ചിട്ടുള്ളതും 13 പെറ്റാഫ്ലോപ്പുകളുടെ ഉയർന്ന വേഗതയുള്ളതുമായ കംപ്യൂട്ടറാണ്. ഫ്ലോട്ടിംഗ് പോയിന്റ് ഓപ്പറേഷൻസ് പെർ സെക്കൻഡ് (ഫ്ലോപ്സ്) കമ്പ്യൂട്ടർ പ്രോസസ്സിംഗ് കഴിവുകളുടെ സൂചകമാണ്. ഒരു പെറ്റാഫ്ലോപ്പ് 1,000 ട്രില്യൺ ഫ്ലോപ്പുകളാണ്. സ്‌ഥാപിക്കപ്പെടേണ്ട ഫ്രഞ്ച് യന്ത്രങ്ങൾ 18 പെറ്റാഫ്ലോപ്പുകൾ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെറ്റാഫ്ലോപ്പ് ശ്രേണിയിലെ ഒരുപിടി കമ്പ്യൂട്ടറുകൾ ഇന്ത്യയിലെ ഒന്നിലധികം ഗവേഷണ സ്ഥാപനങ്ങളിൽ ഇതിനകം തന്നെയുണ്ട്. കുഴപ്പിക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് എല്ലായ്പ്പോഴും ഈ ഭീമാകാരവും അതിശക്തവുമായ സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിക്കാനാവും. എന്നാൽ ഈ യന്ത്രങ്ങളുടെ ഉപയോഗം അടിസ്ഥാന ശാസ്ത്രത്തിലോ വാണിജ്യ ഉൽപന്നങ്ങളുടെ നിർമ്മാണത്തിലോ കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടോ എന്നത് ഒരു ചോദ്യമാണ്. അത്തരം യന്ത്രങ്ങളുടെ പിൻബലത്തിൽ ഇന്ത്യ അതിന്റെ ഹ്രസ്വകാല കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്തുകയും ചുഴലിക്കാറ്റ് പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കുകയും ചെയ്‌തതുപോലെ, വേഗതയുടെയും ശക്തിയുടെയും വിശേഷണങ്ങളിൽ സംതൃപ്തരാകുന്നതിനുപകരം, മറ്റ് മേഖലകളിലും അവയുടെ മൂല്യം തിരിച്ചറിയാൻ അവസരങ്ങൾ സൃഷ്ടിക്കണം.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.