പ്രതീകങ്ങളും സാരാംശവും 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലെ മതപരമായ ചടങ്ങുകൾ ഔചിത്യത്തിന് നിരക്കാത്തതായിരുന്നു 

May 30, 2023 11:28 am | Updated 11:28 am IST

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്തത് അദ്ദേഹം പ്രാവീണ്യം നേടിയ ഒരു ശൈലിയിൽ നിന്ന് ഒട്ടും വ്യത്യസ്തമായല്ലായിരുന്നു: വിമർശകരിൽ പലരും പ്രശ്‌നകരമെന്ന് കരുതുന്ന രാഷ്ട്രീയത്തിന്റെ ഒരു രൂപത്തെ മുന്നോട്ട് കൊണ്ടുപോകാൻ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം മുതലെടുക്കുന്നു. ഇന്ത്യയുടെ അസംഖ്യം വൈവിധ്യങ്ങളുടേയും, സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റേയും കുതിച്ചുയരുന്ന അഭിലാഷങ്ങളുടേയും പ്രതിരൂപമായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണകലയെ മോദി വരച്ചുകാട്ടി. ഒരു ബഹുമത പ്രാർത്ഥന ചടങ്ങിന്റെ ഭാഗമായിരുന്നുവെങ്കിലും, ഹൈന്ദവ ആചാരങ്ങൾ മറ്റെല്ലാറ്റിനെയും നിഷ്പ്രഭമാക്കി എന്നതിൽ സംശയമില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിക്ക് തമിഴ്‌നാട്ടിലെ ഒരു ശൈവ വിഭാഗം സമ്മാനിച്ച ചെങ്കോലിനെ ചുറ്റിപ്പറ്റിയുള്ള കൃത്രിമമായ ഒരു കഥ മെനഞ്ഞെടുത്തുകൊണ്ട്, നിലവിലെ ഭരണകൂടം ഇന്ത്യയുടെ റിപ്പബ്ലിക്കൻ പരമാധികാരത്തിന്റെ സ്ഥാപക തത്വങ്ങളെ പുനർവിഭാവനം ചെയ്യാൻ ശ്രമിച്ചു. ഒരുതരം ദൈവിക പരമാധികാരത്തെ പ്രതീകപ്പെടുത്തുന്ന ചെങ്കോൽ ഇപ്പോൾ ജനപ്രതിനിധികളുടെ സഭയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ പ്രതീകാത്മകത തമിഴ്‌നാടിന് ഇന്ത്യയുടെ രാഷ്ട്രീയ സിരാകേന്ദ്രവുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും, അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ശ്രമിക്കുകയും ചെയ്യുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വി.ഡി. സവർക്കറിന്റെ ജന്മദിനം കൂടിയായിരുന്നു ഉദ്ഘാടന ദിവസം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യ പിന്തുടരുന്ന പ്രജാധിപത്യത്തിന് ഒരു പുതിയ മുഖം നൽകാനുള്ള ആവർത്തിച്ചുള്ള ശ്രമം ചടങ്ങിന്റെ ശൈലിയിലും സത്തയിലും പ്രകടമായിരുന്നു.

അടുത്ത ദശാബ്ദത്തിനുള്ളിൽ ജനപ്രധിനിത്യം സംബന്ധിച്ച് ഇന്ത്യ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വെല്ലുവിളികളിലേക്ക് പുതിയ കെട്ടിടം കുറച്ചെങ്കിലും ശ്രദ്ധ തിരിക്കുന്നു. രാജ്യവ്യാപകമായി നടക്കുന്ന മണ്ഡല പുനർനിർണയം നിലവിലെ ജനസംഖ്യ അനുസരിച്ച് പ്രാതിനിധ്യം പുനഃക്രമീകരിക്കും. ഇത് പാർലമെന്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ശബ്ദം ഗണ്യമായി കുറച്ചേക്കാം. ജനസംഖ്യ സ്ഥിരത കൈവരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വല്ലാതെ കുറയുന്നത് ഒഴിവാക്കാൻ ലോക്‌സഭയും രാജ്യസഭയും അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനങ്ങൾ നിമിത്തം പല പ്രദേശങ്ങളിലും ഇതിനകം പ്രകടമായിരിക്കുന്ന അവകാശ നിഷേധം സംബന്ധിച്ച ജനവികാരം ശമിപ്പിക്കാൻ ഇത് മതിയാകില്ല. പല സംസ്ഥാനങ്ങളും അതിന്റെ സ്വാധീനവലയത്തിന് വെളിയിൽ തുടരുമ്പോൾത്തന്നെ ബി.ജെ.പി. അതിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പാർലമെന്റിൽ ഭൂരിപക്ഷം നേടുന്നു. 38 ശതമാനം ജനപ്രിയ വോട്ട് നേടിയ ബി.ജെ.പിക്ക് നിലവിൽ 55 ശതമാനം ലോക്‌സഭാ സീറ്റുകൾ കൈവശമുണ്ട്. മണ്ഡല പുനർനിർണയത്തിന് ശേഷം ഈ അസന്തുലിതാവസ്ഥ രൂക്ഷമാകും. നിലവിലെ ശക്തികേന്ദ്രങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്കും സമുദായങ്ങളിലേക്കും എത്തിച്ചേരാനുള്ള ബി.ജെ.പിയുടെ ശ്രമം സ്വാഗതാർഹമാണ്. എന്നാൽ ഇന്ത്യയുടെ പ്രാദേശിക അസന്തുലിതാവസ്ഥയെ നേരിടാൻ കേന്ദ്രവും ബി.ജെ.പിയും കൂടുതൽ കാര്യഗൗരവത്തോടേയും, സംവേദനക്ഷമതയോടേയും, പക്വതയോടേയും പെരുമാറേണ്ടതുണ്ട്. ഇതിനായി, ബി.ജെ.പി. പ്രതീകാത്മകതക്ക് അപ്പുറമുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.