മാറ്റമില്ലാതെ തുർക്കി 

എർദൊഗാൻ പഴയകാല തെറ്റുകൾ തിരുത്തുകയും എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുതിയ തുടക്കം കുറിക്കുകയും വേണം

June 01, 2023 11:31 am | Updated 11:31 am IST

സാമ്പത്തിക പ്രതിസന്ധികളും ഭരണകൂടത്തിനെതിരെയുള്ള വ്യാപകമായ ജനരോഷവും കത്തിനിൽക്കെ തുർക്കിയിൽ റജബ് തയ്യിപ് എർദൊഗാന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി (എ.കെ.പി.) 2002-ൽ അധികാരമേറ്റപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിൽ ഒരു പുതുമുഖമായിരുന്നു – കെമാലിസ്റ്റ് മതേതരവാദികൾ ആധിപത്യം പുലർത്തുന്ന ഒരു വ്യവസ്ഥിതിയിൽ ഒരു ഇസ്ലാം മതവാദി. ഇരുപത് വർഷത്തിന് ശേഷം, ഭരണകൂടം എന്നാൽ എർദൊഗാൻ ആണ്  – പരമ്പരാഗതമായി പഴയ ക്രമത്തിന്റെ സംരക്ഷകാരായി അറിയപ്പെടുന്ന സൈന്യം അദ്ദേഹത്തിന്റെ വിരൽത്തുമ്പിലാണ്; സർക്കാർ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ കൽപ്പനക്കായി കാത്തുനിൽക്കുന്നു; ഉലമയുമായി അടുത്ത ബന്ധമുള്ള എ.കെ.പി. ഒരു പ്രബല രാഷ്ട്രീയ സംവിധാനമായി തുടരുന്നു. എന്നാൽ 2023-ലെ സാമ്പത്തിക രാഷ്ട്രീയ സാഹചര്യം 2002-ലേതുമായി താരതമ്യപ്പെടുത്താവുന്നതാണ്. ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും, ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടികളെ സംബന്ധിച്ച ആരോപണങ്ങളും അഭിമുഖീകരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ നീണ്ട ഭരണത്തിനെതിരെ വ്യാപകമായ അമർഷം ഉയർന്നിട്ടുണ്ട്. ഈ രോഷം മുതലെടുക്കാൻ പ്രതിപക്ഷം ഒന്നിക്കുകയും മെയ് 14-ന് അദ്ദേഹത്തിന് ആദ്യ റൗണ്ട് വിജയം നിഷേധിക്കുകയും ചെയ്തു. എന്നാൽ ഞായറാഴ്ച നടന്ന റൺ ഓഫിൽ അദ്ദേഹം 52.1 ശതമാനം വോട്ട് വിഹിതം നേടി. കെമാൽ ക്ലിച്ച്ദരോലു 47.9 ശതമാനം വോട്ടുകൾ നേടി. ഫലം അംഗീകരിച്ചുവെങ്കിലും ക്ലിച്ച്ദരോലു തിരഞ്ഞെടുപ്പ് പ്രക്രിയയെ “ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ അന്യായം” എന്ന് വിശേഷിപ്പിച്ചു. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. എർദൊഗാനും കൂട്ടാളികളും വലിയ മാധ്യമങ്ങളെ വരുതിയിൽ നിർത്തി, വാർത്തകളുടെ ഒഴുക്കിനെ നിയന്ത്രിച്ചിരുന്നു. മുസ്ലീംപള്ളികളെ നിയന്ത്രിക്കുകയും ഇമാമുകളെ നിയമിക്കുകയും ചെയ്യുന്ന മത ഡയറക്ടറേറ്റ് (ഡയനെറ്റ്) ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ എ.കെ.പിയുടെ പ്രചരണങ്ങൾക്ക് കരുത്തേകി. ഒരു മുഖ്യധാരാ കുർദിഷ് പാർട്ടി തന്റെ എതിരാളിയെ പിന്തുണയ്ക്കുന്നതിനാൽ പ്രതിപക്ഷത്തിന് “ഭീകരരുമായി” ബന്ധമുണ്ടെന്ന് പ്രസിഡന്റ് ആരോപിച്ചു. ന്യൂനപക്ഷ അലവി സമുദായത്തിൽനിന്നുള്ള നിന്നുള്ള മുൻ സർക്കാർ ഉദ്യോഗസ്ഥനായ ക്ലിച്ച്ദരോലു ആവേശകരമായ പ്രചാരണത്തിന് നേതൃത്വം നൽകിയെങ്കിലും എ.കെ.പിയുടെ ഇസ്ലാം മതവാദത്തിനുള്ള ജനസമ്മതിയെ മറികടക്കാനായില്ല.

മുസ്തഫ കെമാൽ ‘അത്താതുർക്കിന്’ ശേഷം തുർക്കി കണ്ട ഏറ്റവും ശക്തനായ നേതാവായ എർദൊഗാൻ, കഴിഞ്ഞ 20 വർഷമായി രാജ്യത്തിന്റെ രാഷ്ട്രീയത്തെയും സമൂഹത്തെയും പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടോമൻ ഖിലാഫത്ത് നിർത്തലാക്കുകയും തുർക്കിയെ മതേതരവൽക്കരിക്കുകയും ചെയ്ത കെമാൽ അത്താതുർക്ക്, രാജ്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിന് ഭീഷണിയായി പുരോഹിതരെ കണ്ടു. കെമാലിസവും ഇസ്ലാമിസവും തമ്മിലുള്ള സംഘർഷങ്ങൾ തുർക്കിയുടെ ആധുനിക ചരിത്രത്തിൽ എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ എർദൊഗാൻ അധികാരത്തിൽ വരുന്നത് വരെ ഒരു ഇസ്ലാമിക നേതാവിനും ഈ വ്യവസ്ഥിതിയെ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ചെയ്യുന്നതിനിടയിൽ, അദ്ദേഹം അധികാരങ്ങൾ പിടിച്ചടക്കുകയും, ഭരണഘടന തിരുത്തിയെഴുതുകയും, രാജ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡൻസിയാക്കി മാറ്റുകയും, എല്ലാ അധികാരങ്ങളും കയ്യാളുന്ന പ്രസിഡന്റായി സ്വയം അവരോധിക്കുകയും, വിയോജിക്കുന്നവരെ അടിച്ചമർത്തുകയും, കുർദിഷ് വിമതർക്കെതിരായ പോരാട്ടം ശക്തമാക്കുകയും, രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ തിരഞ്ഞെടുപ്പ് അദ്ദേഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. വെറും മൂന്ന് പോയിന്റിന്റെ ഭൂരിപക്ഷത്തോടെ രണ്ടാം റൗണ്ടിലേക്ക് കടക്കേണ്ടിവന്നത്, തുർക്കി സമൂഹം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കും. തകർന്ന സമ്പദ്‌വ്യവസ്ഥക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്. എർദൊഗാന്റെ സ്വേച്ഛാധിപത്യ പ്രവണതകളും സമ്പദ്‌വ്യവസ്ഥയിലെ കെടുകാര്യസ്ഥതയും മൂലം മുഖം നഷ്ടപ്പെട്ട ഭരണകൂടത്തിന് തെറ്റുകൾ തിരുത്താനും ഒരു പുത്തൻ തുടക്കം കുറിക്കാനും പുതിയ പദവി അവസരമേകും. എന്നാൽ തുർക്കിയുടെ ഇസ്ലാമിക നേതാവ് അത്തരമൊരു മാറ്റത്തിന് തയ്യാറാണോ എന്ന് വ്യക്തമല്ല.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.