എണ്ണയിൽ കണ്ണും നട്ട് 

ഇന്ത്യ പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വില ആഗോള എണ്ണവിലയ്ക്ക് അനുസൃതമാക്കണം 

June 06, 2023 10:59 am | Updated 10:59 am IST

ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ എണ്ണ വില കുറയുന്നത് തടയാൻ ശ്രമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ നിർമ്മാതാക്കളുടെ കൂട്ടായ്മയായ ഒപെക്കും ഇതര രാജ്യങ്ങളും 2024 വരെ ഉൽപാദന വെട്ടിച്ചുരുക്കൽ നീട്ടാൻ ഞായറാഴ്ച തീരുമാനിച്ചു. ഒപെക്കിന്റെ പ്രമുഖ അംഗവും മുൻനിര നിർമ്മാതാവുമായ സൗദി അറേബ്യയും ജൂലൈയിൽ ഉൽപ്പാദനം പ്രതിദിനം ഒരു ദശലക്ഷം ബാരൽ (ബി.പി.ഡി.) കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇതോടെ അന്താരാഷ്ട്ര എണ്ണ അവധി കച്ചവട വില തിങ്കളാഴ്ച ഉയർന്നു. ഉപഭോഗം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ വില നിലനിർത്തുന്നതിനായി വിതരണം വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്ന 20-ലധികം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് + ഏപ്രിലിൽ ഒരു അപ്രതീക്ഷിത നീക്കത്തിൽ 1.66 ദശലക്ഷം ബി.പി.ഡി.യുടെ അധിക ഉൽപാദന വെട്ടിച്ചുരുക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ആ നീക്കത്തിന്റെ പ്രഭാവം അധികം നീണ്ടില്ല. ഏപ്രിലിലെ അപ്രതീക്ഷിത ഉല്പാദന വെട്ടിചുരുക്കലിന്റെ പശ്ചാത്തലത്തിൽ ഹ്രസ്വകാലത്തേക്ക് 87 ഡോളറിന് മുകളിൽ ഉയർന്നതിന് ശേഷം ബ്രെന്റ് എണ്ണയുടെ അവധി വില ബാരലിന് 80 ഡോളറിന് താഴെയായി നിലകൊള്ളുന്നു. എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആഗോള വില ഉയർത്താൻ സാധ്യതയുള്ള സൗദിയും ഒപെക് + രാജ്യങ്ങളുടേയും വിതരണ നിയന്ത്രണത്തിന്റെ സംയുക്ത പ്രഖ്യാപനങ്ങൾ ചില ആശങ്കകൾക്ക് ഇടനൽകുന്നു. എങ്കിലും, മോസ്‌കോയുടെ യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുത്തനെ വർധിപ്പിച്ചതും അതേത്തുടർന്നുള്ള റഷ്യയുടെ ഊർജ കയറ്റുമതിയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധവും കാരണം ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് ഇന്ത്യ നൽകുന്ന വില ക്രമാനുഗതമായി കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ, ഇന്ത്യയിലെ എണ്ണയുടെ ശരാശരി പ്രതിമാസ വില 2022 ജൂണിലെ ബാരലിന് 116.01 ഡോളറിൽ നിന്ന് 38 ശതമാനം കുറഞ്ഞ് 72.39 ഡോളറായി. ഏറ്റവും പുതിയ ഒപെക് + നീക്കത്തിന്റെ ഫലമായി ആഗോള എണ്ണവിലയിൽ ചില സമീപകാല ഉയർച്ചയ്ക്ക് നല്ല സാധ്യതയുണ്ടെങ്കിലും, റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ കാര്യമായ പ്രതികൂല ആഘാതത്തിൽ നിന്ന് സ്വയം സംരക്ഷിച്ചിട്ടുണ്ട്. മാർച്ചിലെ കണക്ക് പ്രകാരം, ഉപരോധം ബാധിച്ച രാജ്യത്ത് നിന്ന് ഇന്ത്യ ഉപഭോഗത്തിനായുള്ള എണ്ണയുടെ മൂന്നിലൊന്ന് വാങ്ങി. എന്നിട്ടും, അസംസ്കൃത എണ്ണ വാങ്ങിയ വിലയിലെ കുറവ് ഇന്ത്യൻ ഉപഭോക്താവിലേക്ക് എത്തിയിട്ടില്ല. 2022 മെയ് 22 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വില മാറ്റമില്ലാതെ തുടരുന്നു. ഭാവിയിലെ വിലവർദ്ധനവിൽ നിന്ന് ഒരുപക്ഷെ തങ്ങളെ സംരക്ഷിക്കുവാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും എണ്ണ വിപണന കമ്പനികളും അവരുടെ വരുമാനമൊന്നും ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. സമീപ മാസങ്ങളിൽ ഉപഭോക്തൃ പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകൾ ലഭിക്കുകയും, പണപ്പെരുപ്പത്തിന്റെ ഫലമായി സ്വകാര്യ ഉപഭോഗത്തിൽ വ്യക്തമായ കുറവ് കാണുകയും ചെയ്ത സാഹചര്യത്തിൽ, നയരൂപകർത്താക്കൾ ഇന്ധന വിലയെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കണം. ഇന്ധനവില യുക്തിസഹമാക്കാൻ സഹായിക്കുന്നതിന് എണ്ണ ഉൽപന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം, പ്രത്യേകിച്ച് സംസ്ഥാനങ്ങളുടെ വരുമാന പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ, ഉടൻ നിറവേറ്റപ്പെടാൻ സാധ്യതയില്ല. അതുകൊണ്ട് കേന്ദ്രം മുൻകൈയെടുത്ത് പ്രധാന ഗതാഗത ഇന്ധനങ്ങളുടെ നികുതി വെട്ടിക്കുറച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കണം. 

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.