ദുരന്ത പാത 

സേവനങ്ങൾ വിപുലീകരിക്കുമ്പോൾ സുരക്ഷയുടെ കാര്യത്തിൽ റെയിൽവേക്ക് ശ്രദ്ധ നഷ്ടപ്പെടരുത്

June 06, 2023 11:07 am | Updated 11:07 am IST

റെയിൽ സേവനങ്ങൾ നവീകരിക്കുന്നതിലും വിപുലീകരിക്കുന്നതിലും ഇന്ത്യ നേരിടുന്ന വെല്ലുവിളികളുടെ ദാരുണമായ ഓർമ്മപ്പെടുത്തലാണ് ജൂൺ 2-ന് ഒഡീഷയിലെ ബാലസോറിൽ മൂന്ന് തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടം. ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്‌സ്‌പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ്, ഒരു ചരക്ക് തീവണ്ടി എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചുരുങ്ങിയത് 275 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ നടന്ന ഏറ്റവും വലിയ തീവണ്ടി അപകടമാണിത്. ഇത്തരമൊരു അപകടം സംഭവിക്കാനുള്ള സാധ്യതയേക്കുറിച്ച് അടുത്തകാലത്ത് സൂചന ലഭിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ റെയിൽവേയുടെ മൈസൂർ ഡിവിഷനിലെ ബീരൂർ-ചിക്ജാജൂർ സെക്ഷനിലെ ഹൊസദുർഗ റോഡ് സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ശ്രദ്ധാലുവായ ഒരു ലോക്കോ പൈലറ്റ് ഒഴിവാക്കിയിരുന്നു. തീവണ്ടിയുടെ വേഗത കുറവായിരുന്നതും സഹായകരമായി. സിഗ്നലിംഗ് സംവിധാനത്തിലെ തകരാറും അപകടകരമായ മനുഷ്യ ഇടപെടലും കാരണമാണ് തീവണ്ടി അതിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചത്. ആ സംഭവം വിശദീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയിൽ “ഉടൻ തിരുത്തൽ നടപടികൾ സ്വീകരിക്കാനും... സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കാനും, കുറുക്കുവഴികളിലേക്ക് കടക്കാതിരിക്കാൻ ജീവനക്കാരെ ബോധവൽക്കരിക്കാനും” ആവശ്യപ്പെടുന്നു. ഇതേ തരത്തിലുള്ള യന്ത്രസംവിധാനത്തിന്റെ തകരാറും, മാനുഷിക പിഴവുകളും മൂലമാണ് ബാലസോറിലെ അപകടം നടന്നതെന്ന് ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നു.

കോവിഡ് മഹാമാരിക്ക് ഒരു വർഷം മുമ്പ് 23 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതിദിനം കൈകാര്യം ചെയ്തിരുന്ന ഇന്ത്യൻ റെയിൽവേ ഇപ്പോൾ 15 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. ഇന്ത്യയ്ക്ക് അതിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വലിയ പദ്ധതിയുണ്ട്. 2023-24 വർഷത്തിൽ ഇതിനായുള്ള മൂലധന ചിലവുകൾക്കായി 2.4 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ അപകടങ്ങളുടെ തോത് – ഒരു ദശലക്ഷം ട്രെയിൻ കിലോമീറ്ററിന് നടക്കാറുള്ള അപകടങ്ങളുടെ എണ്ണം – കുറഞ്ഞു. എന്നാൽ തീവണ്ടിപ്പാതകളുടെയും, ട്രെയിനുകളുടെയും മോശപ്പെട്ട അറ്റകുറ്റപ്പണിയും, ജീവനക്കാരുടെ കുറവും റെയിൽ‌വേയ്ക്ക് ഇനി പുറംമോടികൊണ്ട് മറയ്ക്കാൻ കഴിയില്ല. കൂട്ടിയിടി പ്രതിരോധിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ വിപുലീകരിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നത് വേണ്ടത്ര വേഗത്തിലല്ല എന്നത് വളരെ വ്യക്തമാണ്. 2021-ൽ, വന്ദേ ഭാരത് എന്ന് നാമകരണം ചെയ്ത 75 പുതിയ സെമി-ഹൈ സ്പീഡ് തീവണ്ടികൾ 75 ആഴ്‌ചയ്‌ക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇവയിൽ പലതും ഇതിനകം സേവനം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്കുള്ള സൗകര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും സുരക്ഷയേക്കാൾ പ്രാധാന്യമുള്ള മറ്റൊന്നില്ല. ബാലസോറിലെ അപകടം ഇന്ത്യയുടെ റെയിൽവേ വികസന പദ്ധതികളെ ശരിയായ പാതയിലേക്ക് നയിക്കണം. വേഗതയ്ക്കായി പരിശ്രമിക്കണം, പക്ഷേ സുരക്ഷയാണ് പരമപ്രധാനം. ബാലസോർ അപകടത്തിനുപിന്നിൽ അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാനാവാത്തതിനാൽ അത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷിക്കും. പ്രവർത്തന തലത്തിലും ആസൂത്രണ തലത്തിലും റെയിൽവേയുടെ തിരുത്തൽ നടപടികളാണ് പരമപ്രധാനം. മുൻഗണനകൾ തിരിച്ചറിയാനും യുക്തിസഹമാക്കാനും കൂടുതൽ വിഭവങ്ങൾ റെയിൽവേ കണ്ടെത്തേണ്ടിവരും.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.