പ്രയോജനപ്രദമായ ആദ്യ ചുവടുവെയ്പ് 

മണിപ്പൂരിലെ അക്രമത്തിന് പിന്നിലെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാണ്, എന്നാൽ സത്യം പറയുന്നത് സഹായകരമാവും 

June 07, 2023 11:03 am | Updated 11:03 am IST

നൂറോളം പേരുടെ ജീവനെടുക്കുകയും 35,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്ത മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചത് സ്വാഗതാർഹമാണ്. അതിന്റെ പരിശോധനാ വിഷയങ്ങൾ വ്യക്തമാണ് – അക്രമത്തിന്റെ കാരണങ്ങളെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും, അധികാരികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്നൊക്കെ അത് അന്വേഷിക്കും. മുറിവേറ്റ വംശീയ സമൂഹങ്ങളെ അനുരഞ്ജനത്തിന് പ്രേരിപ്പിക്കാൻ സത്യം പറയുന്ന ഒരു പ്രക്രിയ ആരംഭിക്കാൻ ഇതിന് കഴിവുണ്ട്. പ്രേരകശക്തികളില്ലാതെ കലാപങ്ങളും വംശീയ അക്രമങ്ങളും അപൂർവ്വമായി മാത്രമേ സംഭവിക്കൂ – മണിപ്പൂരിൽ പോലീസ് ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച ആയുധങ്ങളുടെ സഹായത്തോടെയാണ് ഇത് സംഭവിച്ചത് എന്നത് ഇതിന് അടിവരയിടുന്നു. അക്രമാസക്തമായ പ്രവർത്തനങ്ങളുടെ പിന്നിലുള്ളവരെ കണ്ടെത്തുന്നതും, പ്രശ്നങ്ങൾക്കുള്ള ഉത്തരവാദിത്തം അവരുടെ മേൽ ചുമത്തുന്നതും ഭരണാധികാരികളിൽ വിശ്വാസം വളർത്തുന്നതിനുള്ള ആദ്യപടികളാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷവും സംസ്ഥാനത്ത് അക്രമം തുടരുന്നു. കൊള്ളയടിക്കപ്പെട്ട ആയുധങ്ങളിൽ 18 ശതമാനം മാത്രമേ ആയുധപ്പുരകളിലേക്ക് മടങ്ങിയെത്തിയുള്ളൂവെന്നത് രണ്ട് വംശീയ വിഭാഗങ്ങളായ മെയ്തികളും കുക്കികളും തമ്മിലുള്ള അവിശ്വാസം അതേപടി നിലനിൽക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കൂടാതെ, ശാശ്വത സമാധാനത്തിലേക്കുള്ള തിരിച്ചുവരവിന് ഉത്തേജകമായി പ്രവർത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയും ഇത് സൂചിപ്പിക്കുന്നു.

അക്രമം തടയാൻ ഇംഫാൽ താഴ്‌വരയ്ക്കും, കുക്കി വംശജർ താമസിക്കുന്ന സമീപത്തുള്ള കുന്നിൻ പ്രദേശങ്ങൾക്കും ഇടയിൽ ഒരു സുരക്ഷാ ശൃംഖല സൃഷ്ടിച്ച് “നിഷ്പക്ഷ മേഖലകളിൽ” റോന്ത് ചുറ്റുന്ന അർദ്ധസൈനിക സേനയ്ക്ക് പരിമിതമായി മാത്രമേ സഹായിക്കാനാവൂ. രണ്ട് സമുദായങ്ങളുടേയും രാഷ്ട്രീയ പ്രതിനിധികൾ – പ്രത്യേകിച്ചും ഒരേ പാർട്ടിയിൽ വിശ്വസിക്കുന്നവരും വംശീയതയിൽ വ്യത്യാസമുള്ളവുമായ എം.എൽ.എമാർ – സമാധാനത്തിന്റേയും അനുരഞ്ജനത്തിന്റേയും വാഹകരായി പ്രവർത്തിക്കണം. ഇരു വിഭാഗങ്ങൾ തമ്മിലുള്ള അന്തർലീനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് എളുപ്പമല്ലാത്തതിനാൽ ദീർഘമായ രാഷ്ട്രീയ സംവാദവും പുനർവിചിന്തനവും ആവശ്യമാണ്. കുക്കികളിൽ (നാഗകളും) പലരും അവകാശപ്പെടുന്നത് മെയ്തികൾക്ക് പട്ടിക വർഗ്ഗ പദവി വേണമെന്ന ആവശ്യം – മെയ്തികളിലെ ഒരു വിഭാഗം ഇതിനെ എതിർക്കുന്നുണ്ട്  – നീതീകരിക്കാനാവില്ല എന്നാണ്. അതേസമയം, “മലയോര ഗോത്രങ്ങൾ” അനുകൂലമായ നടപടികളിൽ നിന്ന് നേട്ടങ്ങളുണ്ടാക്കിയതിൽ നീരസമുള്ളവരാണ് മെയ്തി വിഭാഗങ്ങൾ. ഇംഫാൽ താഴ്‌വരയിൽ ആർക്കും ഭൂമി വാങ്ങാനുള്ള അവകാശമുണ്ടായിരിക്കെ, ഇതിൽ നിന്ന് വ്യത്യസ്‌തമായി കുന്നിൻ പ്രദേശങ്ങളിൽ ഭൂമി കൈവശം വയ്ക്കാനുള്ള വ്യക്തമായ അവകാശം തങ്ങൾക്ക് ഇല്ലെന്ന പരാതിയും മെയ്തികൾക്കുണ്ട്. കുക്കികളുടെ ഭൂവുടമസ്ഥതയും ആവാസ വ്യവസ്ഥയുടെ ചരിത്രപരമായ രീതികളും കാരണം അവർ നിക്ഷിപ്ത വനങ്ങൾ കൈയേറിയെന്ന അവകാശവാദങ്ങൾക്ക് ഇരയാകുന്നു. അത്തരം പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ സർക്കാരിന് ആക്രമണ മനോഭാവമുണ്ടെന്ന പ്രതീതി അവർക്കിടയിൽ സൃഷ്ടിച്ചു. ഈ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാതെ അനുരഞ്ജന പ്രക്രിയ വിജയിക്കില്ല; ഇതിന് ഈ സമുദായങ്ങളുടെ പ്രതിനിധികൾ അവരുടെ സങ്കുചിത വിഭാഗീയതയ്ക്ക് അതീതമായി ഉയരുകയും ഭരണഘടനാപരമായ പരിഹാരങ്ങൾ തേടുകയും വേണം. അക്രമം അടിച്ചമർത്താനും, കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കാനും, അവരുടെ ജീവിതം സുരക്ഷിതമാക്കാനും, അക്രമത്തിന് ഉത്തരവാദികളായവരെ ഒറ്റപ്പെടുത്തി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഒരു തുടക്കം ആവശ്യമാണ്. ഇക്കാര്യങ്ങളിൽ പലതും സമിതിയുടെ പ്രവർത്തനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.