സംവാദം അവസാനിപ്പിക്കുക

രാജ്യദ്രോഹകുറ്റം നിലനിർത്തുന്നത് നിലവിലെ ചിന്താഗതിക്ക് എതിരാണ്

June 08, 2023 11:54 am | Updated 11:54 am IST

ചില സുരക്ഷാ മുൻകരുതലുകളോടെയാണെങ്കിലും, രാജ്യദ്രോഹക്കുറ്റം ശിക്ഷാനിയമത്തിൽ നിലനിർത്തണമെന്ന നിയമ കമ്മീഷൻ ശുപാർശ, കോളനിവാഴ്ചയുടെ ഈ അവശിഷ്ടം രാജ്യത്തിന് ഇനി ആവശ്യമില്ലെന്ന നിലവിലെ നീതിന്യായ, രാഷ്ട്രീയ ചിന്തകൾക്ക് എതിരാണ്. രാജ്യദ്രോഹത്തെ വിവരിക്കുന്ന ഐ.പി.സിയുടെ 124-എ വകുപ്പ് സ്ഥാപിതമായ സർക്കാരിനോട് വിദ്വേഷമോ അവഹേളനമോ ഉളവാക്കുന്നതോ അല്ലെങ്കിൽ ഉളവാക്കാൻ ശ്രമിക്കുന്നതോ അതുമല്ലെങ്കിൽ അസംതൃപ്തി ഉണ്ടാക്കുന്നതോ ആയ സംസാരത്തെയോ എഴുത്തിനെയോ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നു. അതിന്റെ സാധുത 1962-ൽ തന്നെ സുപ്രീം കോടതി ഉയർത്തിപ്പിടിച്ചിരുന്നു. എന്നാൽ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായി അനുവദനീയമായ നിയന്ത്രണമായിരിക്കും. അക്രമത്തിന് പ്രേരിപ്പിക്കുന്നതോ പൊതുജനത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ വാക്കുകൾക്ക് മാത്രമായി കുറ്റം പരിമിതമായിരിക്കും. എന്നിരുന്നാലും, അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള നിയമങ്ങൾ അതിനുശേഷം എത്രത്തോളം മുന്നോട്ട് പോയെന്ന് പരിഗണിക്കുന്നതിൽ സമിതിയുടെ റിപ്പോർട്ട് പരാജയപ്പെട്ടതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം രാജ്യദ്രോഹ കേസുകൾ തീർപ്പുകൽപ്പിക്കാതെ മാറ്റിവയ്ക്കുന്നതിനിടയിൽ, “ഐ.പി.സിയുടെ 124 എയുടെ കർക്കശ സ്വഭാവം നിലവിലെ സാമൂഹിക ചുറ്റുപാടുമായി പൊരുത്തപ്പെടുന്നില്ല” എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേന്ദ്രസർക്കാരും ഈ വ്യവസ്ഥ വീണ്ടും പരിഗണിക്കാനും പുനഃപരിശോധിക്കാനും തീരുമാനിച്ചിരുന്നു. മൗലികാവകാശങ്ങളുടെ മേൽ, പ്രത്യേകിച്ച് സംസാര സ്വാതന്ത്ര്യത്തിന്മേലുള്ള ഏതൊരു നിയന്ത്രണത്തിന്റെയും സാധുത പരിശോധിക്കുന്നതിനുള്ള സമീപകാല തത്വങ്ങളുടെ വെളിച്ചത്തിൽ ഈ വ്യവസ്ഥ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന്റെ അതിവിശാലമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ, രാജ്യദ്രോഹ നിർവചനം അത്തരം സൂക്ഷ്മപരിശോധനയെ അതിജീവിക്കണമെന്നില്ല.

രാജ്യദ്രോഹത്തെക്കുറിച്ച് സാധാരണയായി ഉന്നയിക്കുന്ന രണ്ട് ആശങ്കകൾ പരിഹരിക്കാൻ കമ്മീഷൻ ശ്രമിച്ചു: അതിന്റെ വ്യാപകമായ ദുരുപയോഗവും ഇന്നത്തെ പ്രസക്തിയും. ഒരു നിയമത്തിന്റെ ദുരുപയോഗം അത് പിൻവലിക്കാനുള്ള അടിസ്ഥാനമല്ലെന്ന പഴകിയ വാദം അത് ആവർത്തിച്ചു. എന്നിരുന്നാലും, നിയമത്തിൽ ഈ വ്യവസ്ഥ നിലനിൽക്കെ നീതിക്ക് നിരക്കാത്ത ഉപയോഗത്തിന് വലിയ സാധ്യതയുണ്ടെന്നും, പലപ്പോഴും വിയോജിപ്പുകളെ അടിച്ചമർത്താനും വിമർശകരെ തടവിലാക്കാനുമുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് ഇത് ഉപയോഗിക്കുന്നതെന്നും പരിഗണിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതു പോലെ ഒരു മുൻകൂർ അനുമതി അനിവാര്യമാക്കുന്നതോ, നിർബന്ധിത പ്രാഥമിക അന്വേഷണമോ രാജ്യദ്രോഹക്കേസുകൾ കുറയ്‌ക്കുവാൻ സഹായിക്കുമോ എന്നത് സംശയമാണ്. കൂടാതെ, കൊളോണിയൽ കാലത്തെ വ്യവസ്ഥയാണെന്നത് അത് തള്ളിക്കളയാനുള്ള അടിസ്ഥാനമല്ലെന്ന് സമിതി വാദിച്ചു. രാജ്യത്തെ വിവിധ തീവ്രവാദ, വിഘടനവാദ പ്രസ്ഥാനങ്ങളേയും പ്രവണതകളേയും അതുപോലെ തന്നെ “തീവ്രവൽക്കരണം പ്രചരിപ്പിക്കുന്നതിൽ സമൂഹ മാധ്യമങ്ങളുടെ വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന പങ്കും” ഉദ്ധരിച്ചുകൊണ്ട് ശിക്ഷാനിയമത്തിൽ രാജ്യദ്രോഹം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ അത് ന്യായീകരിച്ചു. ഇത് ഈ നിയമം നിലനിർത്താൻ മതിയായ കാരണമായേക്കില്ല, കാരണം ഭിന്നിപ്പുണ്ടാക്കുന്ന കുപ്രചരണങ്ങളും അക്രമത്തിനായുള്ള പ്രേരണയും സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കുന്ന ആരോപണങ്ങളും മറ്റ് ശിക്ഷാ വ്യവസ്ഥകളാൽ നിയന്ത്രിക്കാനാകും. വാസ്‌തവത്തിൽ, സർക്കാരിനെ ലക്‌ഷ്യം വെച്ചുള്ള സംഭാഷണത്തിനും എഴുത്തിനും ശിക്ഷ വിധിക്കുന്നതിനേക്കാൾ, വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഫലപ്രദമായ നിയമ ചട്ടക്കൂടാണ് ആവശ്യം. റിപ്പോർട്ട് എന്തായാലും ഈ വ്യവസ്ഥ റദ്ദാക്കുന്ന കാര്യം സർക്കാർ പരിഗണിക്കണം.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.