ഇന്ത്യ-കാനഡ ബന്ധം: മറ്റൊരു ഇടിവ് 

സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാനുള്ള കാനഡയുടെ നടപടികൾ അപര്യാപ്‌തമാണ്

June 09, 2023 11:00 am | Updated 11:00 am IST

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ പ്രകീർത്തിച്ചുകൊണ്ട് കാനഡയിലെ ബ്രാംപ്ടണിൽ പ്രദർശിപ്പിച്ച ഒരു നിശ്ചലദൃശ്യം ഇന്ത്യൻ രാഷ്ട്രീയരംഗത്തെയാകെ പ്രകോപിച്ചിട്ടുണ്ട്. 1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കനേഡിയൻ സിഖ് വിഘടനവാദികളുടെ അഥവാ “ഖാലിസ്ഥാനി” സംഘങ്ങളുടെ വാർഷിക ഘോഷയാത്രയുടെ ഭാഗമായിരുന്നു ഈ നിശ്ചലദൃശ്യം. ഇതോടൊപ്പം കൊലപാതകത്തെ “പ്രതികാര” നടപടിയായി വിശേഷിപ്പിച്ച ഒരു ചിത്രവുമുണ്ടായിരുന്നു. കാനഡ മാപ്പ് പറയണമെന്നും ഇന്ത്യാ വിരുദ്ധ വിഘടനവാദ, തീവ്രവാദ ശക്തികളുടെ വളർച്ചയുടെ അപകടങ്ങൾ അംഗീകരിക്കണമെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യയുടേയും കാനഡയുടേയും ബന്ധത്തിന് മാത്രമല്ല, കാനഡയ്ക്ക് തന്നെയും ഈ ശക്തികൾ യഥാർത്ഥ വെല്ലുവിളിയാണെന്ന് സൂചിപ്പിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഈ സംഭവം വിശാലമായ ഒരു പദ്ധതിയുടെ ഭാഗമാണെന്ന് പറഞ്ഞു. കാനഡയിലെ ഏകദേശം 8,00,000 സിഖുകാർ അടങ്ങുന്ന “വോട്ട് ബാങ്കുകളെ” പ്രീതിപ്പെടുത്താനുള്ള ആഗ്രഹം മൂലമാണ് ഈ സംഘങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1985-ൽ എയർ ഇന്ത്യ വിമാനത്തിനു നേരെയുണ്ടായ ബോംബാക്രമണം പോലുള്ള മുൻകാല സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, അക്രമത്തെ സ്വീകാര്യമായ പ്രതിഷേധമായി സാധൂകരിക്കുന്ന സംസ്കാരം കാനഡയുടെ നേതൃത്വത്തേയും ആശങ്കപ്പെടുത്തേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-കാനഡ ബന്ധം സമാനമായ പ്രശ്‌നങ്ങൾ നിറഞ്ഞതാണ്. 2020-ലെ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പഞ്ചാബ് കർഷകരോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പെരുമാറ്റത്തെ വിമർശിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയേയും, കാനഡയിലെ ക്ഷേത്രങ്ങളിലും സാമുദായിക കേന്ദ്രങ്ങളിലും നടന്ന നശീകരണ പ്രവർത്തനങ്ങളേയും, ഇന്ത്യാ-വിരുദ്ധ, മോദി-വിരുദ്ധ ചുവരെഴുത്തുകളേയും ഇന്ത്യ അപലപിച്ചിരുന്നു. ഇതേ തുടർന്ന്, ഇന്ത്യ ഉയർന്ന തലത്തിലുള്ള നയതന്ത്ര ബന്ധങ്ങൾ നിർത്തിവെയ്ക്കുകയും, ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള ആശയവിനിമയം മാസങ്ങളോളം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചിരുന്നു.

ഏറ്റവും പുതിയ പ്രകോപനം അത്തരമൊരു ചുഴിയിലേക്ക് നയിച്ചേക്കാം. ഉഭയകക്ഷി ബന്ധത്തിൽ മറ്റൊരു താഴ്ച്ച ഒഴിവാക്കണമെങ്കിൽ ഇരു സർക്കാരുകളും നയതന്ത്രപരമായി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. കനേഡിയൻ സർക്കാരിന് അവരുടെ രാജ്യത്ത് സംസാര സ്വാതന്ത്ര്യവും അഭിപ്രായപ്രകടനവും സംരക്ഷിക്കാനുള്ള അവകാശമുണ്ടെങ്കിലും, ഒരു പ്രധാനമന്ത്രിയുടെ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്ന നിശ്ചലദൃശ്യം പ്രകോപനപരമായ വിദ്വേഷ പ്രസംഗത്തിന് സമാനമാണെന്നും, അത് തീവ്രവാദത്തിന് ആക്കം കൂട്ടുമെന്നുമുള്ള ഇന്ത്യയുടെ ആശങ്ക അത് മനസ്സിലാക്കണം. അതിനിടെ, നിയമാനുസൃതമായ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതിനോ അല്ലെങ്കിൽ എല്ലാ നശീകരണ പ്രവൃത്തികൾക്കും എതിരെ നയതന്ത്ര ഇടപെടൽ നടത്തുന്നതിനോ പകരം, അത്തരം സംഘങ്ങൾ ആസൂത്രണം ചെയ്യുന്ന തീവ്രവാദ പ്രവർത്തനങ്ങളുടേയും ഭീകരവാദ പ്രവർത്തനങ്ങളുടേയും തെളിവുകൾ പങ്കിടാനും സഹകരിക്കാനും ന്യൂഡൽഹിക്ക് കഴിയുമെങ്കിൽ അത് കൂടുതൽ ഫലപ്രദമാകും. ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്‌ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഖാലിസ്ഥാനി പ്രതിഷേധങ്ങൾ നടന്നതിനാൽ, പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതൽ ഫലപ്രദമായ മാർഗം ഉറപ്പാക്കാൻ മോദി സർക്കാർ ഒരു വിശാലമായ നയതന്ത്ര മാർഗ്ഗം ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇത് ജി-20 ഉച്ചകോടിക്കായി സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച ചെയ്യാം.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.